Friday, April 22, 2011

ആടുപാമ്പേ

ആടു പാമ്പേ പുനം തേടു പാമ്പേ യരു -
ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ


തിങ്കളും കൊന്നയും ചൂടുമീശന്‍ പദ -
പങ്കജം ചേര്‍ന്നു നിന്നാടു പാമ്പേ


വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി
കണ്ണീരൊഴുകെക്കണ്ടാടു പാമ്പേ


ആയിരം കോടിയനന്തന്‍ നീ ആനന -
മായിരവും തുറന്നാടു പാമ്പേ


ഓമെന്നു തൊട്ടൊരു കോടിമന്ത്രപ്പൊരുള്‍
നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ


പുള്ളിപ്പുലിത്തോല്‍ പുതയ്ക്കും പൂമേനിയെ -
ന്നുള്ളില്‍ കളിക്കുമെന്നാടു പാമ്പേ


പേയും പിണവും പിറക്കും ചുടുകാടു് 
മേയും പരമ്പൊരുളാടു പാമ്പേ


പൂമണക്കുംകുഴലാളകം  പൂകുമാ -
കോമളമേനി കണ്ടാടു പാമ്പേ


നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു -
ളാദിയായുള്ളതെന്നാടു പാമ്പേ


പൂമലരോനും തിരുമാലുമാരും പൊന്‍ -
പൂമേനി കണ്ടില്ലെന്നാടു പാമ്പേ


കാമനെച്ചുട്ട കണ്ണുള്ള കാലാരി തന്‍
നാമം നുകര്‍ന്നുനിന്നാടു പാമ്പേ


വെള്ളിമലയില്‍ വിളങ്ങും വേദപ്പൊരു -
ളുള്ളില്‍കളിക്കുമെന്നാടു പാമ്പേ


എല്ലാമിറക്കിയെടുക്കുമേകന്‍ പദ -
പല്ലവം പറ്റി നിന്നാടു പാമ്പേ


എല്ലായറിവും വിഴുങ്ങി വെറും വെളി -
യെല്ലയിലേറി നിന്നാടു പാമ്പേ


എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു
ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ
ചൊല്ലെല്ലാമുണ്ടു് ചുടരായെഴും പൊരു -
ളെല്ലയിലേറി നിന്നാടു പാമ്പേ


ദേഹം നിജമല്ല ദേഹിയൊരുവനീ 
ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ


നാടും നഗരവുമൊന്നായു് നാവില്‍ നി -
ന്നാടു നിന്‍ നാമമോതീടു പാമ്പേ


ദേഹവും ദേഹിയുമൊന്നായു് വിഴുങ്ങീടു -
മേകനുമുണ്ടറിഞ്ഞീടു പാമ്പേ


പേരിങ്കല്‍ നിന്നു പേരുവെളിയെന്നല്ല
പാരാദി തോന്നിയെന്നാടു പാമ്പേ


ചേര്‍ന്നുനില്‍ക്കുമ്പോളെല്ലാം ചെന്താരൊടു -
നേര്‍ന്നു പോമ്മാറു നിന്നാടു പാമ്പേ

No comments:

Post a Comment